1 പെരുന്നാള്‍ സുദിനത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി നിര്‍വഹിക്കേണ്ട പ്രാധാന ആരാധനയായ സകാത്തുല്‍ ഫിത്ര്‍ നാം മറക്കരുത്. പാവങ്ങളുടെ അവകാശമാണത്. പെരുന്നാള്‍ നമസ്കാരത്തിനു മുമ്പായി അത് കൊടുത്തു വീട്ടണം.
2 പെരുന്നാള്‍ സുദിനത്തില്‍ മുസ്ലിമായ അയല്‍വാസിക്കും കുടുംബത്തിനും തിന്നാന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും ഉണ്ടോ എന്ന് അന്വേഷിക്കല്‍ ഒരു മുസ്ലിമിന്‍റെ ബാദ്ധ്യതയാണ്. ഇല്ലെങ്കില്‍ അവ എത്തിച്ചു കൊടുക്കാനും അവനു കടമയുണ്ട്.
3 പെരുന്നാള്‍ സുദിനത്തിലെ പ്രത്യേക ആരാധന അല്ലാഹുവിനെ മഹത്വ പ്പെടുത്തിയുള്ള തക്ബീര്‍ ചൊല്ലലാണ്. പെരുന്നാള്‍ മാസപ്പിറവി കണ്ടതു മുതല്‍ പെരുന്നാള്‍ നമസ്കാരം തുടങ്ങുന്നത് വരെ നോമ്പു പെരുന്നാളിന് നാം നിരന്തരം തക്ബീര്‍ ചൊല്ലണം. അത് മറക്കാതിരിക്കുക. അതില്‍ അലംഭാവം കാണിക്കാതിരിക്കുക.
4 പെരുന്നാള്‍ സുദിനത്തില്‍ കഴിയുന്നത്ര ശാരീരിക ശുദ്ധി വരുത്തണം. ഉള്ളതിനനുസരിച്ച് നല്ല വസ്ത്രങ്ങള്‍, ഭക്ഷണം, സുഗന്ധം എന്നിവ ഉപയോഗിക്കണം.
5 പെരുന്നാള്‍ സുദിനത്തില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍ പൊങ്ങച്ചം, അഹങ്കാരം, ധൂര്‍ത്ത്, പിശുക്ക് എന്നിവ പാടില്ല. ഭക്ഷണം പാഴാക്കി കളയരുത്. പിന്നീടതിന് വേണ്ടി ഒരു നാള്‍ കൊതിച്ചേക്കാം. അല്ലാഹു സര്‍വ ശക്തനാണ്..
6 പെരുന്നാള്‍ ജുമുഅക്ക് വീട്ടില്‍ നിന്ന് പുറപ്പെടേണ്ടത് ഭക്ഷണം കഴിച്ച ശേഷമാണ്. ഭക്ഷണമായി ഉണങ്ങിയ കാരക്ക കഴിക്കുന്നതും അതിന്‍റെ എണ്ണം ഒറ്റയാക്കുന്നതും പുണ്യകരമാണ്.
7 പെരുന്നാള്‍ ജുമുഅയില്‍ ഒരു പ്രദേശത്തെ മുഴുവന്‍ മുസ്ലീങ്ങള്‍ ഒത്തുകൂടുകയും ഉപദേശം കേള്‍ക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്നു. ആ മഹത്തായ സമ്മേളനത്തില്‍ സ്വന്തം വീട്ടിലെ അംഗങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്നു എന്ന് ഓരോരുത്തരും ഉറപ്പു വരുത്തണം
8 പെരുന്നാള്‍ ജുമുഅക്ക് വീട്ടിലെ എല്ലാവരും ഒരുമിച്ച് കൂട്ടമായി പോകുന്നതും തക്ബീര്‍ ചൊല്ലി പോകുന്നതും വാഹനമൊഴിവാക്കി കാല്‍നടയായി പോകുന്നതും പുണ്യകരമാണ്.
9 പെരുന്നാള്‍ ജുമുഅ നടക്കുന്ന സ്ഥലത്തെത്തിയാല്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കണം. നമസ്കാരം തുടങ്ങുന്നത് വരെ തക്ബീര്‍ ചൊല്ലി ഇരിക്കണം. നമസ്കാര ശേഷം ഇമാമിന്‍റെ ഉപദേശം ശ്രവിക്കണം.
10 ഇമാമിന്‍റെ ഉപദേശം നടക്കുന്നതിനിടയില്‍ സദസില്‍ നിന്ന് എഴുന്നേറ്റു പോകരുത്. മൊബൈല്‍ ഫോണ്‍ മുമ്പ് ഓഫാക്കിയില്ലെങ്കില്‍ കോള്‍ വന്നാല്‍ അറ്റന്‍ഡ് ചെയ്യരുത്. കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ എഴുന്നേറ്റു പോകരുത്.
11 പെരുന്നാള്‍ ജുമുഅ കഴിഞ്ഞാല്‍ വന്ന വഴിയല്ലാത്ത മറ്റൊരു വഴിയില്‍ കൂടി വീട്ടിലേക്ക് തിരിച്ചു പോകല്‍ മുഹമ്മദ് നബി(സ)യുടെ ചര്യയാണ്.
12 പെരുന്നാള്‍ സുദിനത്തില്‍ എല്ലാ മുസ്ലീങ്ങളും പരസ്പരം ആശംസ പറയണം. ഇസ്‌ലാമിലെ പെരുന്നാള്‍ ആശംസയും അല്ലാഹുവിനോടുള്ള ഒരു പ്രാര്‍ഥനയാണ്. ഹാപ്പി ഈദ്, ഈദ് മുബാറക് തുടങ്ങിയ പൊള്ളയായ വാക്കുകള്‍ക്ക് പകരം മുഹമ്മദ് നബി(സ) പഠിപ്പിച്ച പ്രാര്‍ഥനയാണ് പറയേണ്ടത്. തകബ്ബലല്ലാഹു മിന്നാ വ മിന്‍കും (അല്ലാഹു നിങ്ങളില്‍ നിന്നും ഞങ്ങളില്‍ നിന്നും സല്‍ക്കര്‍മ്മങ്ങളെല്ലാം സ്വീകരിക്കട്ടെ) എന്നതാണ് ആ പ്രാര്‍ത്ഥന.
13 പെരുന്നാള്‍ സുദിനത്തില്‍ വെറും ദിക്രും സ്വലാത്തും മാത്രം ചൊല്ലി എവിടെയെങ്കിലും കുത്തി ഇരിക്കലും ശരിയല്ല. ആഘോഷിക്കാന്‍ തന്നെയാണ് അല്ലാഹു പെരുന്നാള്‍ നിശ്ചയിച്ചു തന്നത്. ആഘോഷിക്കേണ്ട ദിവസം ഇസ്‌ലാം അനുവദിച്ച വിനോദങ്ങളില്‍ ഏര്‍പ്പെടലും ആരാധന തന്നെയാണ്.
14 പെരുന്നാള്‍ സുദിനത്തില്‍ പണത്തോടുള്ള ആക്രാന്തം മൂലം കൃഷിയിലും കന്നുകാലി മേക്കലിലും വ്യാപാരത്തിലും മറ്റു ഉപജീവന മാര്‍ഗങ്ങളിലും ഏര്‍പ്പെടല്‍ ആഘോഷ ദിവസത്തെ അനാദരിക്കലും അല്ലാഹുവിനെ ധിക്കരിക്കലുമാണ്.
15 പെരുന്നാള്‍ സുദിനത്തിലെ ആഘോഷങ്ങള്‍ മൂലം വ്രതമാസത്തിലെ ആരാധനകളില്‍ കൂടി നേടിയെടുത്ത ഭക്തി നഷ്ടപ്പെടുത്താതിരിക്കുക. അടുത്ത വ്രതകാലം വരെ അത് സൂക്ഷിക്കാന്‍ ശ്രമിക്കുക.
16 പെരുന്നാള്‍ സുദിനത്തില്‍ അല്ലാഹു നിഷിദ്ധമാക്കിയ മദ്യം, മറ്റു ലഹരി വസ്തുക്കള്‍ പോലുള്ളവ അല്ലാഹു കനിഞ്ഞരുളിയ ആഘോഷത്തില്‍ ഉപയോഗിക്കുന്നവന്‍ അല്ലാഹുവിനോട് നന്ദികെട്ടവനാണ്.
17 പെരുന്നാള്‍ സുദിനത്തില്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മറ്റു മതക്കാരെ അനുകരിച്ചു കൊണ്ടുള്ള ആഘോഷം ഇസ്‌ലാമില്‍ നിഷിദ്ധമാണ്. മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്: "ഒരു ജനതയെ അനുകരിക്കുന്നവന്‍ അവരില്‍ പെട്ടവന്‍ തന്നെയാണ്".
18 പെരുന്നാള്‍ സുദിനത്തില്‍ ആഘോഷ ദിവസമാണെന്നു കരുതി അഞ്ചു നേരത്തെ നമസ്കാരത്തില്‍ ആര്‍ക്കും അല്ലാഹു ഇളവു നല്‍കിയിട്ടില്ല. വീട്ടില്‍ ഉണ്ടെങ്കില്‍ അഞ്ചു നേരത്തെ നമസ്കാരവും പള്ളിയില്‍ പോയി ജമാഅത്ത് ആയി നിര്‍വഹിക്കാന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനാണ്.
19 പെരുന്നാളിന്‍റെ അന്ത:സത്ത കുടുംബബന്ധം, സുഹൃത്ബന്ധം, അയല്‍പക്ക ബന്ധം തുടങ്ങിയ മാനുഷിക ബന്ധങ്ങള്‍ പുതുക്കലാണ്. മുഹമ്മദ് നബി(സ) പെരുന്നാള്‍ നമസ്കാരത്തിന് പോയിരുന്നത് ഒരു വഴിയില്‍ കൂടിയും തിരിച്ചു പോന്നിരുന്നത് മറ്റൊരു വഴിയില്‍ കൂടിയും ആയിരുന്നു എന്ന ഇമാം ബുഖാരി 'അദബില്‍' റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ് അതാണ് പഠിപ്പിക്കുന്നത്. അതിനൊന്നും ശ്രമിക്കാതെ Tv ക്ക് മുന്നില്‍ ചടഞ്ഞിരുന്ന്‍ അഴിഞ്ഞാട്ടക്കാരികളുടെ കോപ്രായങ്ങള്‍ കാണല്‍ മുസ്ലിമിന് നിഷിദ്ധമാണ്.
20 പെരുന്നാള്‍ സുദിനത്തില്‍ സ്വന്തം വീട്ടിലെയും അയല്‍പക്കത്തെയും രോഗികള്‍, വൃദ്ധര്‍, വിധവകള്‍, അനാഥര്‍ തുടങ്ങിയ വേദനിക്കുന്ന മനസുകളുടെ വേദനക്ക് ആക്കം കൂട്ടുന്ന വിധം ഒരാഘോഷവും നടത്താന്‍ മുസ്ലിമിന് പാടില്ല. വേദനയില്‍ പങ്കു കൊണ്ടാവട്ടെ ആഘോഷം.
21 പെരുന്നാള്‍ സുദിനത്തില്‍ അയല്‍വാസികളായ അന്യ മതസ്ഥരെ വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നല്‍കുകയും അയല്‍പക്ക ബന്ധം പുതുക്കുകയും ഉറപ്പിക്കുകയും വേണം. വീട്ടില്‍ ഉണ്ടാക്കുന്ന വിശേഷ ഭക്ഷണത്തില്‍ നിന്നും അവര്‍ക്കും എത്തിച്ചു കൊടുക്കണം.
22 പെരുന്നാള്‍ സുദിനത്തില്‍ പൊതുജനങ്ങളെ ശല്യപ്പെടുത്തിയും വഴി തടസപ്പെടുത്തിയുമുള്ള ആഘോഷം ഇസ്‌ലാമില്‍ അനുവദനീയമല്ല. വഴിയില്‍ നിന്ന് തടസങ്ങള്‍ നീക്കം ചെയ്യാനാണ് മുഹമ്മദ് നബി(സ) പറഞ്ഞിട്ടുള്ളത്.
23 പെരുന്നാള്‍ സുദിനത്തില്‍ സ്വന്തം കുടുംബത്തില്‍ നിന്നും അകലെയാവുക എന്നത് വലിയൊരു ദുര്‍ഭാഗ്യം തന്നെയാണ്. അങ്ങനെയുള്ളവര്‍ പരമാവധി ഫോണിലൂടെയും നെറ്റിലൂടെയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുക. അല്ലാഹു സഹായിക്കട്ടെ ..അന്‍സാര്‍ അലി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ