 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

വാതക പൈപ്പ്ലൈന്‍: കലക്ടറേറ്റിലെ യോഗം അലസി

 കോഴിക്കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രകൃതിവാതക പൈപ്പ്ലൈന്‍ സംബന്ധിച്ച ആശങ്ക പരിഹരിക്കുന്നതിന് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗം അലസിപ്പിരിഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരും ജില്ലയിലെ എം.എല്‍.എമാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും പങ്കെടുത്ത യോഗമാണ് എങ്ങുമെത്താതെ പിരിഞ്ഞത്. ജനപ്രതിനിധികളുടെയും കര്‍മസമിതി ഭാരവാഹികളുടെയും സംശയങ്ങള്‍ക്ക് ഉത്തരം മുട്ടിയതോടെ യോഗം പിരിച്ചുവിടുകയായിരുന്നു. എ.ഡി.എം കെ.പി. രമാദേവിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളനഹാളിലാണ് തിങ്കളാഴ്ച യോഗം നടത്തിയത്. വാതക പൈപ്പ്ലൈന്‍ കുറിച്ച ആശങ്ക പരിഹരിക്കുന്നതിന് ജില്ലകള്‍ തോറും നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് യോഗം വിളിച്ചത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി കെ. അബ്ദുന്നാസറാണ് ആദ്യം സംസാരിച്ചത്. പദ്ധതി സംബന്ധിച്ച്‌ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് മാനേജര്‍ ടോമിയും ഇതേ കാര്യങ്ങള്‍ വിശദീകരിച്ചു തുടങ്ങിയതോടെ ചെറിയതോതില്‍ ബഹളം തുടങ്ങി. തുടര്‍ന്ന് ജില്ലയിലെ എം.എല്‍.എമാര്‍ സംസാരിച്ചു. അതീവ രഹസ്യമായി സര്‍വേകല്ലുകള്‍ നാട്ടിയത് എം.എല്‍.മാര്‍ ചോദ്യം ചെയ്തു. ജനവാസ കേന്ദ്രത്തിലൂടെ അത്യന്തം അപകടകരമായ പൈപ്ലൈന്‍ കൊണ്ടുപോകുന്നതിന് എന്തു സുരക്ഷയാണ് ഏര്‍പ്പെടുത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരും ചോദിച്ചതോടെ അധികൃതര്‍ ഉത്തരം മുട്ടി. മറ്റു സംസ്ഥാനങ്ങളില്‍ കടലിലൂടെയോ വിജനപ്രദേശത്തിലൂടെയോ കടന്നു പോകുന്ന പൈപ്പ്ലൈന്‍ ജനവാസകേന്ദ്രത്തിലൂടെ തന്നെയാവണമെന്ന് ശഠിക്കുന്നത് ദുരൂഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഉന്നയിച്ചതോടെ യോഗം ബഹളമയമായി. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരവും ആക്ഷന്‍ കമ്മിറ്റി ചോദ്യംചെയ്തു. ചാലയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചപ്പോഴുണ്ടായ ദുരന്തത്തേക്കാള്‍ ഭീകരമായ അവസ്ഥ ഒഴിവാക്കാന്‍ എന്ത് സുരക്ഷയാണ് അധികൃതര്‍ ഒരുക്കിയതെന്ന് പഞ്ചായത്ത്പ്രസിഡന്‍റുമാര്‍ ചോദിച്ചു. വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ പകച്ചുനിന്ന ഉദ്യോഗസഥരോട് എല്ലാ കാര്യത്തിലും തീരുമാനമുണ്ടായിട്ട് യോഗം നടത്തിയാല്‍മതിയെന്ന് എഡി.എം നിര്‍ദേശിച്ചു. അതുവരെ ജില്ലയിലെ എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കണമെന്ന് എം.എല്‍.എമാരും ആവശ്യപ്പെട്ടു. കൊച്ചിയിലെ വൈപ്പിന്‍ മുതല്‍ മംഗലാപുരം വരെ ഏഴു ജില്ലകളിലൂടെയാണ് പ്രകൃതിവാതക പൈപ്പ്ലൈന്‍ കടന്നുപോകുന്നത്. ജില്ലയില്‍ കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം, ഓമശ്ശേരി, താമരശ്ശേരി, കൊടുവള്ളി, ഉണ്ണികുളം, ബാലുശ്ശേരി, കോട്ടൂര്‍, എകരൂല്‍, നാദാപുരം തുടങ്ങിയ പഞ്ചായത്തുകളിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. 20മീറ്റര്‍ വീതിയും ആറുമീറ്റര്‍ താഴ്ചയിലുമാണ് പൈപ്പ് കടന്നുപോകുന്നത്. നിരവധി വീടുകളും കൃഷി സ്ഥലങ്ങളുമാണ് ഇതുവഴി നഷ്ടമാകുന്നത്. എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, ഇ.കെ. വിജയന്‍, പുരുഷന്‍ കടലുണ്ടി, വിവിധ പഞ്ചായത്തു പ്രസിഡന്‍റുമാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. നാരായണന്‍ കുട്ടി, അഡ്വ. കെ. ഷാജി എന്നിവര്‍ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ